ന്യൂഡൽഹി: പാർലമെന്റിനുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിച്ചെങ്കിൽ മാതൃകാപരമായ നടപടി ഉണ്ടാകുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടയിൽ തൃണമൂൽ കോണ്ഗ്രസ് അംഗം ഇ- സിഗരറ്റ് ഉപയോഗിച്ചെന്ന പരാതിയെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സഭയുടെ പവിത്രത തകർക്കാൻ ആർക്കും അവകാശമില്ല. ഇ-സിഗരറ്റ് വലിച്ചുവെന്ന പരാതി സംബന്ധിച്ച വിഷയം അന്വേഷണത്തിലാണ്. തുടർനടപടികൾക്കായി സഭ പിന്നീട് ഉചിതമായ കമ്മിറ്റിക്കു റഫർ ചെയ്യും. കമ്മിറ്റിയുടെ ശിപാർശപ്രകാരം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
ബിജെപി അംഗം അനുരാഗ് സിംഗ് ഠാക്കൂറാണ് ഇ-സിഗരറ്റ് സംബന്ധിച്ച പരാതിയുമായി സ്പീക്കറെ സമീപിച്ചത്. ഇതോടൊപ്പം ജസ്റ്റീസ് യശ്വന്ത് വർമയെ നീക്കം ചെയ്യന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാട് സുപ്രീംകോടതിയിൽ അറിയിച്ചതായും ബിർല പറഞ്ഞു.
ജസ്റ്റീസ് വർമയെ നീക്കം ചെയ്യുന്നതിനു നിയോഗിച്ച കമ്മിറ്റിയുടെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.